04:17pm 18 October 2026
NEWS
റിയാദിൽ നടന്ന ലോക പെട്രോളിയം കോൺഗ്രസിന് ചരിത്രപരമായ സമാപനം; റെക്കോർഡ് പങ്കാളിത്തം, അടുത്ത പതിപ്പ് 2028-ൽ കസാഖ്സ്ഥാനിൽ
18/10/2026  09:42 AM IST
nila
റിയാദിൽ നടന്ന ലോക പെട്രോളിയം കോൺഗ്രസിന് ചരിത്രപരമായ സമാപനം; റെക്കോർഡ് പങ്കാളിത്തം, അടുത്ത പതിപ്പ് 2028-ൽ കസാഖ്സ്ഥാനിൽ

 


​റിയാദ്: റിയാദിൽ നടന്ന 25-ാമത് ലോക പെട്രോളിയം കോൺഗ്രസ് (WPC Energy Congress) റെക്കോർഡ് പങ്കാളിത്തത്തോടെ സമാപിച്ചു. ചരിത്രത്തിലാദ്യമായി സൗദി അറേബ്യ വേദിയൊരുക്കിയ ഈ ആഗോള ഊർജ്ജ ഉച്ചകോടിയിൽ 33,000-ത്തിലധികം സന്ദർശകരും 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. കൂടാതെ 489മാധ്യമപ്രവർത്തകരും ഇവന്റ് റിപ്പോർട്ട് ചെയ്യാൻ എത്തിച്ചേർന്നു.  
​"എല്ലാവർക്കും സുസ്ഥിരമായ ഊർജ്ജ ഭാവിയിലേക്കുള്ള വഴികൾ" (Pathways to an energy-inclusive future for all) എന്ന പ്രമേയത്തിൽ ഒക്ടോബർ 11 മുതൽ 15 വരെ 'റിയാദ് എനർജി വീക്ക്' എന്ന പേരിൽ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. സൗദി ഊർജ്ജ മന്ത്രി  അബ്ദുൽ അസീസ് ബിൻ സൽമാൻ, വ്യവസായ-ഖനന വിഭവ മന്ത്രി ബന്ദർ അൽ ഖൊറയീഫ്, ലോക പെട്രോളിയം കൗൺസിൽ പ്രസിഡന്റ് പെഡ്രോ മിറാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കമായത്.  
​ഊർജ്ജ സുരക്ഷ, വിതരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പരിവർത്തനം, ഹൈഡ്രജൻ, വരുംകാല എണ്ണ-വാതക വിപണിയിലെ മുൻഗണനകൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ കോൺഗ്രസിന്റെ വിവിധ പാനൽ ചർച്ചകളിൽ വിശകലനം ചെയ്തു.  
​സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രഥമ 'എനർജി ഹാക്കത്തോണിൽ'  6,700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. ഇതിൽ നിന്ന്തിരഞ്ഞെടുക്കപ്പെട്ട 6 ടീമുകൾക്ക് മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അവാർഡുകൾ സമ്മാനിച്ചു. ഓക്സിഡന്റൽ പെട്രോളിയം മുൻ സി.ഇ.ഒ വിക്കി ഹോളബിന് മേഖലയിലെ സംഭാവനകൾക്കുള്ള 'ഡ്യൂഹർസ്റ്റ് അവാർഡ്' ലഭിച്ചു; ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് ഇവർ.  
​അതേസമയം, കോൺഗ്രസിന്റെ അടുത്ത പതിപ്പായ 26-ാമത് ലോക പെട്രോളിയം കോൺഗ്രസിന് കസാഖ്സ്ഥാൻ ആതിഥേയത്വം വഹിക്കും. 2028 ജൂൺ 11 മുതൽ 15 വരെ കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിലാണ് അടുത്ത സമ്മേളനം നടക്കുക. ഇതാദ്യമായാണ് മധ്യേഷ്യൻ രാജ്യം ഈ ചരിത്രപരമായ ഉച്ചകോടിക്ക് വേദിയാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img